ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിലെ മറ്റു 64 ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായ ഈ മഹാക്ഷേത്രം ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയുടെ മൂല കേന്ദ്രവും തെക്കേ ഇന്ത്യയിലെ ശക്തി ഉപാസകരുടെയും ഭഗവതി ഭക്തരുടെയും ഒരു പുണ്യ കേന്ദ്രവും കൂടിയാണ്. കേരളത്തിൽ ഇന്ന് കാണുന്ന പ്രസിദ്ധമായ പല ഭഗവതി ക്ഷേത്രങ്ങളും കൊടുങ്ങല്ലൂരമ്മയുടെ അംശമായി കണക്കാക്കപ്പെടുന്നു.
പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് ലോകാംബികയായ കൊടുങ്ങല്ലൂരമ്മ എന്നാണ് ഭക്തരുടെ വിശ്വാസം. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളി ഭാവത്തിൽ ശ്രീചക്ര സമേതയായി പ്രതിഷ്ഠിച്ച ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്ന് ചരിത്രം. തുല്യപ്രാധാന്യത്തോടെ പരമശിവനും, സപ്തമാതാക്കളും ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി, കൗമാരി, ചാമുണ്ഡി എന്നിവരാണ് ഭഗവതിയോടൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ശ്രീചക്രപ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചാൽ കടുത്ത ആപത്തുകളിലും ഭഗവതി തുണയാകും എന്നാണ് വിശ്വാസം. പ്രത്യക്ഷ ഫലം നൽകുന്ന ദൈവം അഥവാ പ്രത്യക്ഷ ദൈവം, രോഗനാശിനി, ഐശ്വര്യദായിനി, ദുഃഖവിനാശിനി തുടങ്ങിയ പല വിശേഷണങ്ങളും കൊടുങ്ങല്ലൂർ ഭഗവതിയ്ക്ക് ഉണ്ട്.
കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. ഇന്നത്തെ പ്രധാന ക്ഷേത്രത്തിൽ നിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17നോട് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത്.
പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്ന പേരിലാണ് ചിലപ്പതികാരത്തിലെ വീരനായിക അഥവാ അവതാരകാളിയായ കണ്ണകി അറിയപ്പെട്ടിരുന്നത്. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശിലക്ക് പിന്നെയും ഒരുപാട് മാറ്റങ്ങൾ വന്നു. പിന്നീട് ശങ്കരാചാര്യർ ആണ് ഭഗവതിയെ ഇന്ന് കാണുന്ന വലിയ ക്ഷേത്രത്തിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് പറയപ്പെടുന്നു.
ചെങ്കുട്ടുവന്റെ കാലത്ത് ശൈവ മതം സ്വാധീനം നേടിയിരുന്നു. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാല സാഹിത്യങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ശ്രീലങ്ക ഗജബാഹു ഒന്നാമൻ അവരിൽ ഒരാളായിരുന്നു.
മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ആം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുന്നു. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച ശിലാ വിഗ്രഹം കണ്ണകിയുടെതായിരുന്നു എന്നാണ് സാഹിത്യ പരാമർശം. എന്നാൽ ഇന്ന് വസൂരിമാലക്ക് മാത്രമേ ഇതുമായി ആകാരസാമ്യം കാണപ്പെടുന്നുള്ളൂ. ഇന്നത്തെ പ്രധാന ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിഷ്ഠ വരിക്ക പ്ലാവിന്റെ തടി കൊണ്ടുള്ളതാണ്. ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് ശ്രീ. വി.റ്റി. ഇന്ദുചൂഡൻ അഭിപ്രായപ്പെടുന്നു.
ഭരണി ഉത്സവമാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്. എന്നിരുന്നാലും നവരാത്രി കാലത്തും, മകര മാസത്തിലെ താലപ്പൊലി ഉത്സവത്തിനും, മണ്ഡല കാലത്തും ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരുന്നു. കാളി ദാരിക യുദ്ധമാണ് ഭരണി ആഘോഷത്തിന്റെ അടിസ്ഥാനം. കുംഭത്തിലെ ഭരണിക്ക് കൊടി കയറുന്ന ഈ ഉത്സവം മീന ഭരണിയോട് കൂടി അവസാനിക്കുന്നു. കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, തൃചന്ദനചാർത്ത് പൂജ, അശ്വതി കാവ് തീണ്ടൽ (കാവ് പൂകൽ) എന്നിവ പ്രധാന ദിവസങ്ങളാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഭരണിപ്പാട്ടും നൃത്തവും ദാരികവീരനെ വധിച്ചു കൈലാസത്തിലേക്ക് വരുന്ന ഭദ്രകാളിയുടെ അനുഗ്രഹത്തിനായി ശിവഗണങ്ങൾ ദേവി സ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമയ്ക്ക് ആണെന്നും, തന്റെ ഭർത്താവിനെ അന്യായമായി പാണ്ട്യരാജാവ് വധിച്ചതിൽ കലി തുള്ളി മധുര ദഹിപ്പിച്ചു വരുന്ന വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും രണ്ട് അഭിപ്രായമുണ്ട്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയ കാലത്ത് രതിയും ഊർവരതയും കാർഷിക വൃത്തിയും ആഘോഷമാക്കി ജീവിച്ച ആദിമജനതയുടെയോ മാതൃദൈവ ആരാധകരുടെയോ കൂടിച്ചേരൽ ആണെന്ന് കരുതുന്നു. ചിലർ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബൗദ്ധരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു കരുതുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ടി, ഊർവരത, കാർഷിക സമൃദ്ധി, യുദ്ധ വിജയം, രോഗമുക്തി, കുലത്തിന്റെ നിലനിൽപ്പ്, കുടുംബത്തിന്റെ ഐശ്വര്യം എന്നിവ മാതൃ ദൈവത്തിന്റെ അല്ലെങ്കിൽ ഭഗവതിയുടെ അനുഗ്രഹം ആണെന്ന് ആയിരുന്നു വിശ്വാസം. ഈ ക്ഷേത്രം ആദ്യം ദ്രാവിഡരുടേതായിരുന്നു. ശ്രീ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ക്ഷേത്രമായി മാറി. അങ്ങനെയാണ് ഇവിടെ ശിവാരാധന ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ദ്രാവിഡ യുദ്ധദൈവമായ കൊറ്റവൈ (കാളി) എന്നിവർ ആര്യവൽക്കരിക്കപ്പെട്ടതുമാകാം. അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ പ്രതീകമായി ആണ്ടിലൊരുമാസം ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കൊടുങ്ങല്ലൂർ ഭരണി. സ്വന്തം കുടുംബ ക്ഷേത്രങ്ങളിലോ, ശാക്തേയ പീഠത്തിലൊ അല്ലെങ്കിൽ വീട്ടിലെ മച്ചകത്തൊ ഭഗവതിയെ ആരാധിച്ച ശേഷമാണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ചെമ്പട്ടുടുത്ത്, ഭഗവതിയുടെ വാളും ചിലമ്പും ധരിച്ച, ഭഗവതിയെപ്പോലെ പൂമാലയും നാരങ്ങാമാലയും മറ്റും അണിഞ്ഞ ധാരാളം കോമരങ്ങളെയും ഈ ഉത്സവത്തിൽ കാണാം. അടികൾ എന്ന വിഭാഗം ആണ് ഇവിടുത്തെ പൂജാരിമാർ.


ചേരമാൻ ജുമാ മസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം തന്റെ ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ അഭിമാനകരമായ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ ഈ പള്ളി നിരവധി നൂറ്റാണ്ടുകളായി നിരവധി പുനരുദ്ധാരണങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒരു പരമ്പരാഗത ഹിന്ദു ക്ഷേത്രത്തോട് സാമ്യമുള്ള ഘടനയുടെ വ്യത്യസ്ത രൂപകൽപ്പനയും ഘടനയും പള്ളിയുടെ വാസ്തുവിദ്യയെ ശ്രദ്ധേയമാക്കുന്നു

കോട്ടപ്പുറം കോട്ട
1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കോട്ടപ്പുറം കോട്ട. കോട്ടപ്പുറം എന്ന സ്ഥലത്താണിത്. കൊടുങ്ങൂർ കോട്ട, ക്രാങ്കന്നൂർ കോട്ട എന്നും അറിയപ്പെടുന്നു. കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.
കര-കടൽ മൂലമുള്ള ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കാൻ സാധ്യമായ സ്ഥലത്താണ് ഇത് നിർമ്മിച്ചത്. കോട്ടപ്പുറം ചന്തയുടെ കിഴക്ക് ഭാഗത്തായി കോട്ടപ്പുറം-തിരുത്തിപ്പുറം പാലത്തിന് തെക്കുഭാഗത്തായി ഒരു കോണിലാണ് ഇതിൻ്റെ സ്ഥാനം. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ് ഇതിൻ്റെ നിർമ്മാണം. അകത്ത് കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്. കേരള പുരാവസ്തു വകുപ്പ് സംരക്ഷിത മേഖലയായി സംരക്ഷിച്ച് വരുന്നു.
